
ലക്നൗ: ഘോഷയാത്രയ്ക്കിടെ ഡിജെ സംവിധാനത്തിൽനിന്നുള്ള ഉച്ചത്തിലുള്ള ശബ്ദം കേട്ട് 20 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചതായി കുടുംബത്തിന്റെ ആരോപണം. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലെ മുദിയാരി ഗ്രാമത്തിലാണ് സംഭവം. അമിത ശബ്ദത്തെ തുടർന്നുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് കുടുംബം പറയുന്നത്.
ഡിജെ സംവിധാനം ഘടിപ്പിച്ച ട്രക്ക് വീടിനു സമീപമെത്തിയപ്പോൾ കുഞ്ഞ് വീട്ടിലുണ്ടെന്നും ശബ്ദം കുറയ്ക്കണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതിനു പിന്നാലെ വാഹനം വീടിനു മുന്നിൽ നിർത്തി കൂടുതൽ ഉച്ചത്തിൽ പാട്ടുകൾ കേൾപ്പിച്ചെന്നാണ് ആരോപണം.
ഈ സമയത്ത് കുഞ്ഞ് അമ്മയ്ക്കൊപ്പം വീട്ടിനുള്ളിൽ ഉറങ്ങുകയായിരുന്നു. ഡിജെയുടെ ശബ്ദം കേട്ടതിനു പിന്നാലെയാണ് കുഞ്ഞിന്റെ ആരോഗ്യനില വഷളായതെന്നും കുടുംബം ആരോപിക്കുന്നു.
സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഘോഷയാത്രയ്ക്കായി ഉപയോഗിച്ച ഡിജെ ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട സംഭവത്തിൽ അന്വേഷണം തുടരുകയാണ്.










